27 ജൂൺ 2012

ഇതളടര്‍ന്ന കുസുമങ്ങള്‍

പകലധ്വാനം കഴിഞ്ഞ സൂര്യന്‍ പടിഞ്ഞാറന്‍ കുന്നിന്‍ മറവിലെവിടെയോ തളര്‍ന്നു തേങ്ങുന്നു... മൂകസാക്ഷിയായ ചന്ദ്രന്‍ മേഘക്കീറുകള്‍ക്കുള്ളില്‍ നിറം മങ്ങി നിന്നു... ഇരുള്‍ വീണ ഇടവഴിയില്‍ കണ്ണുംനട്ടെത്ര സമയമങ്ങിനെ ഇരുന്നുവെന്നറിയില്ല... ഉമ്മറം വരെ വീശി വന്നൊരു കാറ്റിനോട് ഘടികാരസൂചികള്‍ കുശലം പറഞ്ഞപ്പോഴാണ് രേണുക തന്നെ പുണര്‍ന്നിരുന്ന ഓര്‍മ്മകളില്‍ നിന്നും മുക്തയായത്...


ഓര്‍മ്മകള്‍ മാത്രം പ്രവേശിക്കുന്ന ആ കൊച്ചു വീട്ടില്‍ ഏകയായ്‌ താമസിക്കാന്‍ തുടങ്ങിയിട്ടെത്ര നാളായി...? കരുത്തുള്ള ഒരാണ്‍തുണയില്ലാതെ...!!! കൈപ്പിടിയില്‍ ഒതുങ്ങുന്നൊരു കൊടുവാളിന്റെ കൂട്ടില്ലാതെ...!!! കുരക്കാന്‍ പോയിട്ടോന്നു മോങ്ങാന്‍ പോലും കഴിയുന്നൊരു നായ പോലും ഉമ്മറത്തില്ലാതെ...!!!


സെകന്റ് ഷോ കഴിഞ്ഞു പോകുന്ന പിള്ളാര്‍ തന്നെ നോക്കി എന്തോ അടക്കം പറയുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാവാമവള്‍ പാതിയിലടര്‍ന്നു വീണ ഓര്‍മ്മപുതപ്പുമായകത്തേക്ക് കയറിയത്... വാതില്‍പൊളി മുറിക്കകത്തെ ഇരുട്ടിനെ മറക്കും വരെയും അവളെന്തൊക്കെയോ അവ്യക്തമാം വിധം പുലമ്പുന്നുണ്ടായിരുന്നു... ഒരു പക്ഷെ... തന്നെ ക്രൂരമായി വേട്ടയാടിയ വിധിയെ ശപിക്കുകയായിരുന്നിരിക്കണം... വിധി...!!! രേണുവിനെ സംബന്ധിച്ചിടത്തോളം കഴിച്ചു തീരാത്ത അനുഭവങ്ങളുടെ കൈപുനീരുള്ള കഷായം...!!!


ഉറക്കത്തെ തിരഞ്ഞാണ് അവളുടെ കണ്ണുകള്‍ ജനാലക്കരികിലേക്ക് നീണ്ടത്... കാഴ്ച കയറിപ്പിടിക്കാന്‍ ശ്രമിച്ച്ചിട്ടും തെന്നിനീങ്ങുന്ന മേഘങ്ങളുടെ മറവില്‍   മടിപിടിച്ച് നിന്ന ചന്ദ്രന്‍ പിടിതരാതിരുന്നത് കൊണ്ടാവാം അകക്കണ്ണ് ഓര്‍മ്മകള്‍ക്ക് പിറകെ വീണ്ടുമൊരോട്ട പ്രദക്ഷിണത്തിനൊരുങ്ങിയത്...

Read more...