31 ഒക്‌ടോബർ 2011

കോഴി കറി :

കൂട്ട് കുടുംബ വ്യവസ്ഥയില്‍ അളിയാക്ക 
വരുന്ന ദിവസത്തിനായുള്ള കാത്തിരിപ്പില്‍ ....
കോഴി കൂട്ടിനകത്ത്‌ നിന്നും ഇറങ്ങാന്‍ മടിക്കുന്ന 
പാവം പൂവന്‍ കോഴിയുടെ നെഞ്ചിടിപ്പ് ആര് കാണുന്നു...

കണിയായി കൂട്ടിനു പുറത്ത് നില്‍ക്കുന്നവര്‍ കെണിയുമായി 
കാത്തു നില്‍ക്കയാണ്‌ എന്നറിയാതെ കൂട്ടില്‍ നിന്നും 
ഇറങ്ങുന്ന കോഴിയുടെ കാലു ചിറകും കൂട്ടി പിടിച്ചു 
ഒരിത്തിരി വെള്ളം കുടിപ്പിച്ചു മൂര്‍ച്ച കൂട്ടിയ കത്തിയുമായി 
കഴുത്തില്‍ ഒരു വര കൊണ്ട് രക്ത അര്‍ച്ചന നടത്തി 
കരിയില നിറഞ്ഞ മുറ്റത്ത്‌ ഇട്ടു ആ കോഴി ഒന്ന് പിടഞ്ഞു 
ചിലപ്പോഴൊക്കെ വീണ്ടും എണീറ്റ്‌ നടന്നു... 
ഒടുവില്‍ കീഴടങ്ങി വീരചരിതം പുല്‍കി... 

തിളപ്പിച്ച വെള്ളത്തില്‍ മുക്കി കുളിപ്പിച്ച് പൂടയോക്കെ കളഞ്ഞു .... 
പിന്നെ ഒത്തിരി തീയില്‍ ബാക്കി വരുന്ന പൂടയെ ഉരുക്കി... കഷ്ണിച്ചു ... 
അത് കൊണ്ടുണ്ടാക്കിയ കോഴി കറി അളിയാക്കയുടെയും മറ്റും 
കഴിഞ്ഞു ഞങ്ങള്‍ പിള്ളാര്‍ക്ക് കിട്ടുമ്പോഴേക്കും കൊഴിയൊക്കെ 
കഴിഞ്ഞു വെറും കോഴി ചൂരും രുചിയുമുള്ള നീര് മാത്രം ബാക്കിയായിട്ടുണ്ടാകും..
എന്നാലും അത് ഒരു സുഖം തന്നെ... 

ഇവിടെ ഇപ്പോള്‍ ഒരാള്‍ക്ക് ഒരു കോഴി എന്ന നിലയില്‍ തിന്നുമ്പോഴും 
ഒരു മീന്‍ വല കൊണ്ടിറങ്ങിയാല്‍ പോലും പേരിനു ഒരു കഷ്ണം പോലും കിട്ടാത്ത;
എന്നാല്‍ കൂടെ കിടന്നു വെന്ത കിഴങ്ങ് പോലും കഷ്ണം എന്ന് നിനച്ചു തിന്നുന്ന
എത്ര പേര്‍ കൂട്ടിയാലും തീരാത്ത ആ കറി ഇന്നും അത്ഭുതമാണ്... 
ആ രുചി ഇന്നും നാവില്‍ ഒരു മാരത്തന്‍ നടത്തും... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?