19 ജനുവരി 2012

ഓര്‍മ്മകളിലെ വസന്തം...

സമര്‍പ്പണം :
മരണശയ്യയില്‍ കിടക്കുന്ന എന്റെ പാവം കുന്തിപുഴയ്ക്കു... 


അങ്ങകലെ...
കളിക്കളം വിട്ടുപോകുന്ന കുട്ടിയോടൊപ്പം അസ്തമയ
സൂര്യന്‍ ചെഞ്ചായം പൂശി മുളങ്കാടിന് പിറകിലേക്ക്
ഉള്‍വലിയുമ്പോള്‍ ...
പെയ്തിറങ്ങുന്ന നിലാവിന്റെ മങ്ങിയ കണ്ണാടിയില്‍
തെന്നിമാറുന്ന മേഘപടലങ്ങളാം പഞ്ഞികെട്ടു-
കള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന ചന്ദ്രന്റെ കുസൃതി
നോക്കി പഞ്ചാരതിട്ടുകള്‍ കണക്കെയുള്ള
മണപ്പുറത്തങ്ങനെ മലര്‍ന്നു കിടക്കുമ്പോള്‍ ...

താഴെ അന്നന്നത്തെ അന്നത്തിനായി ജോലിയെടുത്ത്
വന്നു ഇളംചൂടുള്ള വെള്ളത്തിലൊന്നു മുങ്ങി കുളിച്ചു
വസ്ത്രങ്ങള്‍ കല്ലിലിട്ടു അലക്കുന്ന ശബ്ദ താളത്തി-
നനുസരിച്ച് മണപ്പുറത്തിനക്കരെ നിന്നും പ്രതിധ്വനി
ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ കയ്യില്‍ കിട്ടുന്ന
ചരല്‍കല്ലുകള്‍ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു
ഓളപ്പരപ്പു സൃഷ്ടിച്ചു കൗതുകം കൊള്ളുന്ന ആ നഷ്ട-
വസന്തമാം രാത്രിയുടെ ആദ്യയാമങ്ങള്‍ ...

ഒപ്പം മണപ്പുറത്ത് സജ്ജമാക്കിയ കൃത്രിമ
കളിക്കളത്തിലെ കൈമൈ മറന്ന ആവേഷ-
ത്തിമര്‍പ്പിനൊടുവില്‍ പുഴയിലേക്ക് ചാഞ്ഞു
നില്‍ക്കുന്ന അത്തിമരത്തില്‍ കയറി താഴേക്ക്‌
ചാടിയുള്ള മുങ്ങികുളിയും..
"ആനക്കല്ലെ"ന്ന പാറക്കല്ലിനു മുകളില്‍ നിന്നും
നാലാള്‍ ആഴമുള്ള വെള്ളത്തിലേക്ക് മലക്കം
മറിഞ്ഞു ബാല്യ-കൗമാരങ്ങളുടെ വീരസാഹസങ്ങള്‍
കാണിക്കുന്ന സായാഹ്നങ്ങള്‍ ...

അതിനും മുമ്പ് അവധി ദിവസങ്ങള്‍ ആഘോഷമാക്കി
മാറ്റുന്ന പൊരിവെയിലിനെ അവഗണിച്ചു ഒറ്റല്‍
കമഴ്ത്തിയും വലവിരിച്ചും കുറുവടി വെച്ചും
തോട്ടയിട്ടും ഒക്കെയുള്ള മീന്‍ പിടുത്തത്തിന്റെ
നട്ടുച്ചകള്‍ ... അങ്ങിനെ.... അങ്ങിനെ....

ഇന്ന് കാതങ്ങള്‍ക്കിപ്പുറം മരുഭൂമിയില്‍ കെട്ടിപ്പടുത്ത
പടുകൂറ്റന്‍ കെട്ടിടങ്ങളിലെ നാല് ചുവരുകള്‍ക്കുള്ളില്‍
തളച്ചിടപ്പെട്ട ശരീരത്തെ തണുപ്പിക്കാന്‍ മാത്രം
ഉപകരിക്കുന്ന കൃത്രിമ ശീതീകരണയന്ത്രത്തിന്റെ
ആയിരം മടങ്ങ്‌ മനസ്സിനെ തണുപ്പിക്കാന്‍ ശക്തിയുള്ള
ഓര്‍മ്മകളുടെ അക്ഷയപാത്രവുമായി അകലങ്ങളില്‍
പ്രതീക്ഷകളില്‍ മാത്രം ജീവിക്കുന്ന യാദാര്‍ത്ഥയങ്ങളുടെ
മരുപ്പച്ചയിലേക്കുള്ള കാത്തിരിപ്പ്...

അതാണീ കീബോര്‍ഡിലെ ചതുരകട്ടകളില്‍
കയ്യിട്ടടിക്കുമ്പോള്‍ മോനിടറില്‍ പുനര്‍ജനി കൊള്ളുന്ന
കുളിരുള്ള അക്ഷരകൂട്ടങ്ങള്‍ പെറുക്കികൂട്ടി വായിക്കുമ്പോള്‍
കണ്ണിലൂടെമനസ്സിലേക്ക് കൊള്ളിയാന്‍ പോലെ
മിന്നിയെത്തുന്ന അനുഭൂതി...













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?