23 ഫെബ്രുവരി 2012

ഋതുമതി

==========
" അമ്മേ.." ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു അശ്വതി 
മോള്‍ വിളിച്ചു
" എന്ത് പറ്റി അച്ചൂ..? വല്ല സ്വപ്നോം കണ്ടു  പേടിച്ചുവോ മോള്‍ ..? "
മകളുടെ മുഖത്തെ ഭാവഭേദങ്ങള്‍ വായിചിട്ടെന്നവണ്ണം അമ്മ ചോദിച്ചു.
" ഹും.." അവള്‍ തലയാട്ടി കൊണ്ട് മൂളി...
" ആട്ടെ... ന്റെ മോള്‍ എന്താ കണ്ടേ... ഇത്ര പേടിക്കാന്‍ മാത്രം..? "
കുടിക്കാന്‍ കുറച്ചു വെള്ളം കൊടുത്തു കൊണ്ട് അമ്മ ആരാഞ്ഞു..

അച്ചു വെള്ളം കുടിചൊന്നു ശ്വാസം വിട്ടു നിശബ്ദമായി ഇരിക്കുന്നത് കണ്ട്
" എന്തായാലും അമ്മയോട് പറ മോളെ... നല്ല കുട്ടിയല്ലേ... "
അമ്മ മോളെ മാറോടു ചേര്‍ത്ത് ചോദ്യമാവര്‍ത്തിച്ചു.

അപ്പോഴും അച്ചു കണ്ട സ്വപ്നം ആലോചിചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു...
സ്വപ്‌നങ്ങള്‍ എന്നും അങ്ങനെ ആണല്ലോ...
തൊട്ടു മുമ്പ് സംഭവിച്ചതാണ് എങ്കിലും ആലോചിച്ചു പോകണമല്ലോ 
ചികഞ്ഞെടുത്ത് ഒരുമിച്ചു കൂട്ടാന്‍ ...
കുറച്ചു സമയങ്ങള്‍ക്കു ശേഷം അവള്‍ അമ്മയോട് ചേര്‍ന്ന് മടിയില്‍
തലചായ്ച്ചു കിടന്നു കൊണ്ട് പറഞ്ഞു തുടങ്ങി... 

" അമ്മേ... അവസാനമായി ഞാന്‍ കണ്ടത് ആരൊക്കെയോ ചേര്‍ന്നെന്നെ ഒരു മുറിക്കകത്ത് അടച്ചിട്ടിരിക്കുന്നു... എനിക്ക് ചുറ്റും  പാത്രങ്ങളും ചട്ടികളും 
ഒക്കെയായി പലതും ഉണ്ട്... പലരും വന്നു ജനല്‍ പാളിയിലൂടെ എന്നെ നോക്കി 
എന്തൊക്കെയോ പിറുപിറുത്തും കൊണ്ട് പോകുന്നു..." 

"എന്തിനാവും അമ്മേ ന്നെ അടച്ചിട്ടിരിക്കുന്നേ...? നിക്കും അമ്മായിയെ പോലെ  ഭ്രാന്ത് ആയിട്ടാവുമോ... " ചോദ്യവുമായി അച്ചു ദയനീയമായി അമ്മയെ നോക്കി...
" ന്റെ കുട്ടിക്ക് ഭ്രാന്തോ... ന്തായീ പറയണതു മോളേ... അത് സ്വപ്നല്ലേ...  
ന്റെ കുട്ടിയതൊന്നും കാര്യാക്കണ്ടാ... മോള്‍ പിന്നെയെന്തോക്കെയാ കണ്ടേ..?"
മോളേ കുറച്ചു കൂടി അടുപ്പിച്ചു അമ്മ വീണ്ടും ചോദിച്ചു...

അമ്മയൊറ്റക്കല്ലേ യെന്നുമെന്നെ കുളിപ്പിക്കാര്‍ ... സ്വപ്നത്തില്‍ കുറെ സ്ത്രീകള്‍ 
ചേര്‍ന്ന് എന്നെ കുളിപ്പിക്കുണ്... എന്റെ മേല്‍ അപ്പടി അഴുക്കാണ് ന്നൂം നല്ലോണം വൃത്തിയാവട്ടെ ന്നും പറഞ്ഞാ കുളിപ്പിക്കണേ... അതെന്താ അമ്മേ അങ്ങനെ...? "

"അത് സാരല്യ മോളേ... കുളിപ്പിക്കണതു നല്ലതല്ലേ... അവര്‍ക്കൊക്കെ 
മോളോട് ഇഷ്ടായിട്ടല്ലേ... വേറെ എന്തൊക്കെയാ മോള്‍ കണ്ടേ... "
അച്ചുവിന്റെ മുടിയിഴകളില്‍ മൃദുവായി തലോടി കൊണ്ട് അമ്മ അവള്‍ കണ്ട 
സ്വപ്നം വീണ്ടും ചികഞ്ഞു...
കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം അച്ചു പിന്നെയും പറഞ്ഞു തുടങ്ങി ..

" ഞാന്‍ അമ്പലകുളത്തില്‍ നിന്നും കുളിയൊക്കെ കഴിഞ്ഞു എന്നത്തെയും പോലെ ചവിട്ടുപടികള്‍ എണ്ണിക്കൊണ്ട് കയറി വരികയായിരുന്നു...
പതിമൂന്നാം പടി 
എത്തിയപ്പോഴേക്കും നിക്ക് രണ്ടു ദീസായിട്ടുള്ള വയറുവേദന അധികമായി തോന്നി ഞാന്‍ അവിടെ ഇരുന്നു... കുറച്ചു കഴിഞ്ഞപ്പോ  ന്റെ തുടന്മല്‍ എന്തോ അരിക്കണ പോലെ നിക്ക് തോന്നി... വല്ല ചേരട്ടയും മറ്റുമാകുമോ ന്നു നോക്കാനായി ഞാന്‍ കൈകൊണ്ടു ഒന്ന് തടവി നോക്കി... അമ്മേ... ശരിക്കും ഞാന്‍ ഞെട്ടിപ്പോയി... 

ചോര...!! കട്ട പിടിച്ച ചോര...!!! ന്റെ കയ്യില്‍ ന്നാള്‍ കത്തി കൊണ്ടപ്പോ വന്നങ്ങനത്തെ ചോരയല്ല... ഒരു തരം വഴുപ്പോക്കെയുള്ള ചോര..! ഞാനൊന്നു  മണത്തു നോക്കി... പിന്നെയൊന്നും നിക്ക് ഓര്‍മല്ല മ്മേ... പിന്നെ കുളിപ്പിക്കണതും മുറിക്കകത്ത്  അടച്ചിട്ടതും മാത്രേ നിക്കൊര്‍മ്മയോള്ളൂ.." ന്നും പറഞ്ഞു  തേങ്ങി തേങ്ങി അച്ചു വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു...

അപ്പോഴും ഉറങ്ങാത്ത കണ്ണുകളുമായി ഉറക്കം നഷ്ടമാകുന്ന വരാനിരിക്കുന്ന 
രാപ്പകലുകളെ കുറിച്ചോര്‍ത്തിരിക്കയായിരുന്നു ആ പാവം അമ്മ...!!!

12 അഭിപ്രായങ്ങൾ:

  1. മുഹമ്മദ്‌ കുട്ടി മാവൂര്‍2012, ഫെബ്രു 23 5:25:00 PM

    വര്‍ത്തമാന കാലത്തിന്റെ യാതര്ത്യത്തിലെക്കുള്ള ഒരു സ്വപ്നാടനം ...പെണ്കുട്ടികളുടെ അമ്മമാരുടെ വിഹ്വലതകള്‍ വളരെ നന്നായി കോറിയിട്ടിരിക്കുന്നു ..അഭിനന്ദനങ്ങള്‍ ....

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2012, ഫെബ്രു 23 5:58:00 PM

    മകള്‍ ഋതുമതി ആകുന്നതിനു മുന്‍പ് തന്നെ ,അമ്മയുടെ കണ്ണുകള്‍ക്ക്‌ ഉറക്കം അന്യമാകുന്നു ..അവസാനം ഇത്രയും തുറന്നു എഴുതാതെ തന്നെ,നിര്താമായിരുന്നു എന്ന് ഒരു വിചാരം ..വിമര്‍ശനമല്ലാട്ടോ ..കാല്പനികമായി മികച്ചത്....

    മറുപടിഇല്ലാതാക്കൂ
  3. സക്കീര്‍ കവിതയില്‍ നിന്നും കഥയിലേക്കുള്ള പ്രയാണം ....ഒരു പെണ്‍കുഞ്ഞിന്റെ ഭയം നിറഞ്ഞ സ്വപ്നം ...അതവള്‍ കണ്ടെങ്കില്‍ ഭയപ്പെടുത്തുന്ന ആ നാളുകളെ പറ്റി കേട്ട് കേള്‍വികള്‍ അവളുടെ മനസ്സിലെ കോണില്‍ അക്രമാസക്തമായി കാത്തിരിക്കുന്നു ..ഉറക്കത്തിന്റെ അബോധാവസ്ഥയില്‍ ബോധമനസ്സിന്റെ ഉണര്‍വ്വില്‍ ഇനിയവല്‍ കാണുന്നതെല്ലാം ഇതേ സ്വപ്‌നങ്ങള്‍ ആയിരിക്കും ....കുറച്ചു കാലത്തേക്ക് മാത്രം ..പിന്നെ പിന്നെ യവ്വനത്തിന്റെ പ്രണയത്തിന്റെ പീഡനങ്ങളുടെ ..അങ്ങിനെ പോകുന്നു ...സ്ത്രീ ഇപ്പോഴും സ്വയം പീഡിപ്പിക്കുന്നു ....മരണം വരെ ...ലോലമായ മനസ്സാണ് സ്ത്രീക്ക് ...പാവങ്ങള്‍ പെണ്ണുങ്ങള്‍ ...സക്കീര്‍ എഴുതുക ...വായിക്കാന്‍ ഞങ്ങളുണ്ടാവും ..അറക്കല്‍

    മറുപടിഇല്ലാതാക്കൂ
  4. മാവൂരിക്കാ... വന്നു കണ്ടു അഭിപ്രായം പറഞ്ഞതില്‍ വളരെയധികം സന്തോഷം...

    അജ്ഞാതന്‍ : ആദ്യ അഞ്ചു പാരഗ്രാഫില്‍ തന്നെ കഥ അവസാനിച്ചിട്ടുണ്ട്... പിന്നീടങ്ങോട്ട് വിവരണം മാത്രമാണ്... അങ്ങ് പറഞ്ഞ കാര്യം മനസ്സിലാക്കുന്നു... ഇനി എഴുതുമ്പോള്‍ മെച്ചപ്പെടുത്താന്‍ സഹായകമാകുന്ന ഇത്തരം അഭിപ്രായങ്ങള്‍ക്ക് നന്ദി..

    അറക്കല്‍ ഭായ്... അങ്ങയുടെ വിലപ്പെട്ട അഭിപ്രായം വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു... പ്രചോദനം നല്‍കിയതിനു നന്ദി..

    മറുപടിഇല്ലാതാക്കൂ
  5. കാല്‍പനികമായൊരു സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് പോകാനൊരുങ്ങുന്നു, പറഞ്ഞുകേട്ട വിശേഷങ്ങള്‍ ഒരു ഭയമായി ആ കൊച്ചു മനസ്സിനെ മഥിച്ചത് കൊണ്ടാകാം സ്വപ്നം ഇത്രെയും പരിഭ്രമം നല്‍കിയത്, അമ്മ മനസ്സിന്റെ നീറ്റല്‍ പൊതുവേ തുടങ്ങുന്ന പ്രായം.. നന്നായിട്ടുണ്ട് ചില അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം സക്കീ... ഇനിയും എഴുതുക ...

    മറുപടിഇല്ലാതാക്കൂ
  6. ധന്യേച്ചി... അക്ഷരത്തെറ്റുകള്‍ പരമാവധി ഒഴിവാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്... കുറെയൊക്കെ അറിവില്ലായ്മയുടെ ഭാഗമാണ്... മലയാളം മീഡിയം ആയിരുന്നു എങ്കിലും അറബിയായിരുന്നു ഉപഭാഷ... എങ്കിലും തിരുത്താന്‍ ശ്രമിക്കുന്നുണ്ട്... അഭിപ്രായം അറിയിച്ചതില്‍ സന്തോഷം..

    മറുപടിഇല്ലാതാക്കൂ
  7. ബാല്യത്തിൻറെ ചവിട്ടുപടികൽ താണ്ടാൻ ഒരുങ്ങുന്ന, യുവത്വത്തിലേക്ക് കാലൂന്നാൽ വെമ്പുന്ന പ്രായത്തിൽ ബാലികമാർക്കുണ്ടാകുന്ന ഒരു തരം മാനസികാവസ്ഥയിൽ നിന്നു അവരുടെ മനസ്സിനെ സ്വപ്നതലത്തിലേക്ക് ഉയർത്തുക പതിവാണു, അതിനെ കുറിച്ച് ഒരു ഋതുമതിയുടെ വിഹ്വലതകൾ, ആദ്യമായി രക്തം കാണുന്നത്, ആ രക്തത്തിൻറെ പ്രത്യേകതകൾ എല്ലാം തന്മയത്വമായി വിവരിച്ചിരിക്കുന്നു. പക്വമായ എഴുത്ത്... അഭിനന്ദനങ്ങൾ... ഇനിയും തുടരുക.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മണ്ടായിക്കാ... അഭിനന്ദനങ്ങള്‍ക്കൊപ്പം അഭിപ്രായം അറിയിച്ചതില്‍ വളരെയധികം സന്തോഷം...

      ഇല്ലാതാക്കൂ
  8. കാലികമായ ഒരു വിഷയം തന്നെ ... എല്ലാം അറിയാം എന്ന് നടിക്കുമ്പോഴും പലര്‍ക്കും അറിയാതെ പോകുന്ന കാര്യങ്ങള്‍ .. ഈ വിഷയം തിരഞ്ഞെടുത്തു എഴുതിയതിനു തന്നെ അഭിനന്ദിക്കുന്നു ...ഭാവുകങ്ങള്‍ തുടരുക ...

    മറുപടിഇല്ലാതാക്കൂ
  9. മനസ്സില്‍ ആഴത്തില്‍ വേരോടിയ ഉത്കണ്ട യാഥാര്‍ത്യമാകുന്നതിന്‍റെ പേടി പ്പെടുത്തുന്ന സത്യം പെണ്കുട്ടിയിലേക്കും അമ്മയിലെക്കും കടന്നു വരുന്നത് സക്കീര്‍ നന്നായി എഴുതിയ്രിക്കുന്നു!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷമുണ്ട് മുക്കണ്ണി സാഹിബ്... അങ്ങയുടെ അഭിപ്രായം ഞാന്‍ വളരെയധികം പ്രതീക്ഷിച്ചിരുന്നു... സന്തോഷം..

      ഇല്ലാതാക്കൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?