15 നവംബർ 2012

ഉറങ്ങാത്ത കൂട്ടുകാരന്‍

ഓര്‍മ്മ വെച്ച നാള്‍ തൊട്ടു നീ എന്റെ ചുറ്റുപാടുകളില്‍ ഉണ്ട്...
എന്റെ ഓരോ വളര്‍ച്ചയും കാലത്തിന്റെ കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്തിയത് നിന്റെ ഹൃദയമിടിപ്പുകള്‍ ആണ്... 

ഞാനിന്നുമോര്‍ക്കുന്നു... ഞാന്‍ നിന്നെ ആദ്യം കണ്ട നാള്‍ ... അല്ല... എനിക്കും മുമ്പേ പിറന്ന നിന്നെ തിരിച്ചറിഞ്ഞ നിമിഷം.... നടക്കാന്‍ പഠിച്ച കാലത്ത്... വലതു കയ്യാല്‍ എന്നെ പിടിച്ചു നടക്കുന്ന അച്ഛന്റെ ഇടതു കയ്യില്‍ പിടിവിടാതെ നീയുണ്ടായിരുന്നു... 

എന്നെ നോക്കുന്നതിനിടയിലും ഇടയ്ക്കിടയ്ക്ക് അച്ഛന്‍ നിന്നെ ശ്രദ്ധിക്കാന്‍ മടി കാണിച്ചിരുന്നില്ല... കുറച്ചു സമയം കളിക്കുമ്പോഴേക്കും എന്നെ കൈ വിടുവിച്ചു പോകുന്ന അച്ഛന്‍ നിന്നെ മാത്രം കൂടെ കൂട്ടുന്നത് കണ്ടു പലപ്പോഴും എനിക്ക് നിന്നോട് അസൂയ തോന്നിയിട്ടുണ്ട്... !










അച്ഛന്റെ ഇടതു കയ്യില്‍ നിന്നുമിറങ്ങാന്‍ കൂട്ടാക്കാത്ത നിന്നെ... കുളിക്കടവില്‍ വെച്ച് അച്ഛന്‍ നിന്നെ താഴെ വെച്ചതു ഞാന്‍ കണ്ട ആ ദിവസം... വീണു കിട്ടിയ അവസരം നോക്കി നിന്നെ ഞാന്‍ കുത്തി നോവിച്ചത് നീ ഓര്‍ക്കുന്നുവോ..? നീയതോര്‍ത്താലും ഇല്ലെങ്കിലും അക്കാരണത്താലെന്നെ അച്ഛന്‍ തല്ലിനോവിച്ചതിന്നും ഞാന്‍ ഓര്‍ക്കുന്നു...! 

ഞാന്‍ ചെല്ലുന്നിടത്തെല്ലാം നീയുണ്ടായിരുന്നു... പല രൂപത്തിലും... പല ഭാവത്തിലും... ആണായി പിറന്നവരുടെയൊക്കെ കയ്യില്‍ തൂങ്ങി നീ ചിരിക്കുമ്പോള്‍ എനിക്ക് നിന്നോട് ദേഷ്യമായിരുന്നു... പക്ഷെ... 

ഒന്നാം ക്ലാസില്‍ ഞാന്‍ ഒന്നാമനായ ആ നാള്‍ ... അച്ഛനൊപ്പം വന്നു നീയെന്റെ കൈ പിടിച്ച അന്ന് തൊട്ടു എനിക്ക് നിന്നോട് വല്ലാത്ത ഇഷ്ടം തോന്നി... അതില്‍ പിന്നെ ആരെങ്കിലും ഇടയ്ക്കിടയ്ക്ക് നിന്നെ നോക്കി "നാശം" എന്ന് പിറുപിറുക്കുന്നത് കാണുമ്പോള്‍ എനിക്ക് നിന്നോട് സഹതാപമായിരുന്നു... ഒപ്പമവരോട് വെറുപ്പും...!

രാപകലില്ലാതെ ഓടുന്ന നിന്നോടൊപ്പം ഓടി തളര്‍ന്നു ഉമ്മറപ്പടിയില്‍ ഇരുന്നു ഉറക്കം തൂങ്ങിയിരുന്ന എന്നെ ചുമരില്‍ തൂങ്ങി നിന്ന് ശബ്ദമുണ്ടാക്കി ഉണര്‍ത്തി,.. കിടപ്പ് മുറിയില്‍ പോയി കിടക്കാന്‍ ഓര്‍മ്മിപ്പിച്ചതും നീയായിരുന്നില്ലേ.? 

സ്കൂളിലും കളിക്കളത്തിലും ഒക്കെ എന്റെ കൂട്ടുകാര്‍ക്കിടയില്‍ അഭിമാനപൂര്‍വ്വം നിന്നെ പരിചയപ്പെടുത്തിയ ദിവസം ഓര്‍ക്കുന്നുവോ നീ..? 

അന്ന് നിന്നെ കുറിച്ച് ഞാന്‍ പൊങ്ങച്ചം പറഞ്ഞതാണ് എന്ന് പറഞ്ഞ പാറുവിന്റെ ചെവിക്കു പിടിച്ചു ഞാന്‍ തിരുമ്മിയതും... നിന്നെ ഞാന്‍ പരിചയപ്പെടുത്തിയപ്പോള്‍ പുറം തിരിഞ്ഞു നിന്ന നാസറിന്റെ തലമണ്ടക്കിട്ടു കൊട്ടിയതും... ബലം പ്രയോഗിച്ചു നിന്നെ എന്നില്‍ നിന്നകറ്റാന്‍ ശ്രമിച്ച ആ തടിമാടന്‍ അപ്പുവിന്റെ അടുത്ത് നിന്നും നിന്നെയും കൊണ്ട് കുതറി ഓടിയതും... അകലെ നിന്നവനെ കല്ലെടുത്തെറിഞ്ഞതും ഒക്കെ നീയിന്നോര്‍ക്കുന്നുവോ..? 

നിന്റെ ബലത്തിലാണ് ഞാന്‍ അവര്‍ക്ക് മുമ്പില്‍ അഹങ്കരിച്ചതെന്നതിനാല്‍ തന്നെ....നിന്നെ ആര്‍ക്കും വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറുമായിരുന്നില്ല...! എല്ലാം ഇന്നലെയിലെന്ന പോലെ എനിക്കോര്‍മ്മയുണ്ട്...

പതിയെ പതിയെ നീ എന്റെ സന്തത സഹചാരി ആയി മാറിയപ്പോള്‍ നമ്മള്‍ക്കിടയില്‍ വല്ലാത്തൊരടുപ്പം ഉണ്ടായതറിഞ്ഞിരുന്നോ നീ...? 

ഞാന്‍ വലതുകൈ കൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന നിന്ന നോക്കുമ്പോഴെല്ലാം ഇടതു കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് കളിക്കാന്‍ പോകുവാനുള്ള സമയമായെന്ന് എന്നെ ഓര്‍മ്മിപ്പിച്ചിരുന്നു നീ...

ഊണിലും ഉറക്കിലും യാത്രയിലും ഒക്കെ... എന്തിനധികം പറയണം.. കുളിക്കുമ്പോഴും കക്കൂസില്‍ പോകുമ്പോള്‍ വരെ നീ എന്റെ കൂടെ വന്നില്ലേ...? 

നമുക്കിടയിലെ മറയില്ലാത്തൊരു കൂട്ടുകെട്ട് കണ്ടു അമ്മ പലപ്പോഴും എന്നെ വഴക്ക് പറഞ്ഞപ്പോള്‍ പല രാത്രികളിലും വിഷമത്തോടെയെങ്കിലും നിന്നെ കൈവിടുവിച്ചിട്ടുണ്ട് ഞാന്‍ ... എന്നിട്ടും... നേരം പുലരുമ്പോള്‍ ... എന്നോട് കൂട്ടുകൂടാന്‍ നീ മടി കാണിച്ചില്ല...!

ഒരിക്കല്‍ എന്നോടൊപ്പം മുങ്ങിക്കുളിച്ചതിന്റെ പേരില്‍ മൂക്കില്‍ വെള്ളം കയറി ചീരാപ്പ് പിടിച്ച നിന്നെയും കൂട്ടി അടുപ്പിനടുത്ത് പോയി നിന്ന് ആവി കൊള്ളിച്ചു ഞാന്‍ ,... 

ക്ഷീണം കൊണ്ട് കിതച്ചു നീ കിടപ്പിലായപ്പോള്‍ നിന്റെ കാലുകള്‍ തിരുമ്മി തന്നു, പിന്നില്‍ നിന്നും വേഗത്തില്‍ തള്ളി നിന്നെ നടത്തിയതോര്‍മ്മയുണ്ടോ.. അങ്ങിനെ നടന്നു വന്ന നീ പിന്നെ ഉഷാറായി വീണ്ടുമെന്നെ കൈപിടിച്ച് നടന്നതും ഇന്നുമോര്‍മ്മയില്‍ സുഖം നല്‍കുന്നു...!

നിന്നെ കുളിപ്പിച്ച വകയില്‍ എനിക്കും കിട്ടി അച്ഛന്റെ കയ്യില്‍ നിന്ന്... കണ്ണീന്ന് പൊന്നീച്ച പറക്കുന്ന പോലെ രണ്ടെണ്ണം...! അത് നീ കണ്ടതേയില്ല... കാരണം അപ്പോള്‍ ഞാന്‍ കിടപ്പ് മുറിയിലും നീ അടുക്കളയിലുമായിരുന്നല്ലോ...!

കാലം കടന്നു പോയി... 
എന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നീയെനിക്കൊപ്പം നിന്നു...

പരീക്ഷ സന്ദര്‍ഭങ്ങളില്‍ ... ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ ... അങ്ങിനെ... പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് സന്ദര്‍ഭങ്ങളില്‍ പലപ്പോഴും എന്നെ വിഷമിപ്പിക്കുകയും അതിലേറെ എന്നെ സഹായിക്കുകയും ചെയ്തു നീ...!

നിന്നെ ആശ്രയിച്ചു എന്തെല്ലാം നേട്ടങ്ങള്‍ ഞാന്‍ കൊയ്തു...? നിന്റെ ധൃതി കാരണം എനിക്കെന്തൊക്കെ നഷ്ടപ്പെട്ടു...? പഴിക്കാനും പുകഴ്ത്താനും പോന്ന പലതും ഇന്നും ഓര്‍ത്തെടുക്കാന്‍ എനിക്കാവുന്നുണ്ട്...

ഒടുവില്‍ ... പ്രാരാബ്ദ പെട്ടിയുമായി കടല് കടന്നു വന്നപ്പോഴും നീയെന്റെ കൂടെ പോന്നു... ഇവിടെ വന്നു എന്റെ ജീവിത രീതിയെ തിട്ടപ്പെടുത്തുന്നതില്‍ നീ പ്രധാന പങ്കു വഹിച്ചു... ഞാന്‍ ഗാഢമായി ഉറങ്ങിയപ്പോഴും ഉറങ്ങാതെ കൂട്ടിരുന്ന്‍....,... എനിക്ക് ഓഫീസില്‍ പോകാന്‍ സമയമായാല്‍ എന്നെ വിളിച്ചുണര്‍ത്തി നീ... 

നിന്നോട് ഞാനാവശ്യപ്പെട്ട സമയത്ത് ഒക്കെയും നീ എന്നെ ഉണര്‍ത്തി... ഉണര്‍ത്താന്‍ ശ്രമിച്ച നിന്റെ തലമണ്ടക്കിട്ടു കൊട്ടി മിണ്ടാതിരുന്നു കൂടെ നിനെക്കെന്നു പിറുപിറുത്തിട്ടുണ്ട് പലപ്പോഴും ഞാന്‍ ... ഒരു നീരസവുമില്ലാതെ നീ വീണ്ടുമെന്നെ വിളിച്ചുണര്‍ത്തി... ഇന്നും നീ എനിക്കൊപ്പം തന്നെയല്ലേ പ്രിയ കൂട്ടുകാരാ... 

രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നിന്റെ മുഖമുദ്ര ആയിരുന്നു...! സാങ്കേതിക വളര്‍ച്ചയുടെ പിറകെ ഞാന്‍ പോയപ്പോഴും പുത്തന്‍ രൂപത്തില്‍ വന്നു എനിക്കൊപ്പം നിന്നു നീ.. പ്രിയനേ... കാലം സാക്ഷി... നീ തന്നെ കാലത്തിന്റെ..., എന്റെ സമയത്തിന്റെ കാവല്‍ ഭടന്‍ ...! 

എന്റെ കാലം കഴിഞ്ഞാലും നീ ഇവിടെയൊക്കെ തന്നെ കാണും... അറിയാം.. നിനക്ക് മരണമില്ലെന്ന്...  എന്റെ ഹൃദയമിടിപ്പ്‌ നിലക്കുമ്പോഴും... നിന്റെ ഹൃദയമിടിപ്പ്‌ നില്‍ക്കില്ലെന്ന ഉറപ്പില്‍ .... 

ഇന്നലെ വരെയും... വാച്ച്, ടൈം പീസ്‌, ഘടികാരം... അങ്ങിനെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നീയെനിക്ക് തോഴനായി...  ഇന്ന്... എന്റെ മൊബൈല്‍ ഫോണിലൂടെയും നീയെനിക്കൊപ്പമുണ്ട്... എന്റെ സമയത്തിന്റെ പാറാവുകാരനായി... 

ആ നിനക്കായ്‌,.. നിന്നെ കുറിച്ച് പറയാനായി ഒരല്‍പം സമയം ഞാന്‍ ചിലവഴിച്ചു എന്നതിലുള്ള സന്തോഷത്താല്‍ ഞാനുറങ്ങുന്നു...@!!! 

....ശുഭം....
Read more...