07 ഏപ്രിൽ 2011

പൈക്കിടാങ്ങളെയും കാത്ത്...

" ഞാന്‍ എന്റെ രണ്ടു പൈകിടാങ്ങളെ തിരഞ്ഞു നോക്കയായിരുന്നു.. 
ഇന്ന് അവറ്റകളെ വെള്ളം കാണിച്ചിട്ടില്ല."
" എന്താണ് കാക്കാ തിരയുന്നത് " എന്ന എന്റെ ചോദ്യത്തിനു മറുപടിയായി
മുഖം നോക്കാതെയാണ്‌ അയാള്‍ അത് പറഞ്ഞത്.

വ്യാഴാഴ്ച ആയതു കൊണ്ട് റൂമിലെ മറ്റെല്ലാവരും ജോലി കഴിഞ്ഞു നേരത്തെ റൂമില്‍ എത്തിയിട്ടുണ്ട്.
എനിക്ക് മാത്രമേ ഇന്നും രാത്രി വരെ ജോലിയുള്ളൂ എന്ന നീരസത്തിലാണ് ഉച്ച മയക്കത്തിന് കിടന്നത്.
( വെള്ളി പോലും ജോലിയെടുക്കുന്ന പ്രവാസി സുഹൃത്തുക്കള്‍ ക്ഷമിക്കണം.)

അലാറം വെച്ചിരുന്നു.. അത് കൃത്യത പാലിക്കുകയും ചെയ്തു. പക്ഷെ..
ആദ്യമൊക്കെ ആരുടെയെങ്കിലും അലാറം അടിച്ചാല്‍ ഉണരുമായിരുന്നു.
പിന്നെ പിന്നെ അലാരത്തിന്റെ ശബ്ദവും സംഗീതമായി തുടങ്ങി..
പാട്ട് കേട്ട് കിടക്കുന്ന കൊച്ചു കുട്ടിയെപ്പോലെ അങ്ങിനെ കിടന്നു നേരം പോയത് അറിഞ്ഞില്ല.

വൈകീട്ട് നേരം വൈകിയതിനാല്‍ ധൃതി പിടിച്ചു ഓഫീസിലേക്ക് വരികയായിരുന്നു ഞാന്‍..
അപ്പോഴാണ്‌ അയാള്‍ എന്തോ തിരയുന്നത് കണ്ടതും ഞാന്‍ അങ്ങിനെ ചോദിച്ചതും.
അയാളെ ഞാന്‍ എന്നും കാണാറുണ്ട്. ദിവസം നാല് തവണയെങ്കിലും.
ഞാന്‍ ഓഫീസിലേക്ക് പോകുകയും വരികയും ചെയ്യുമ്പോള്‍.. 
( എനിക്ക് രണ്ടു ശിഫ്ടായിട്ടാണ് ജോലി.. )

എന്നും കാണാറുണ്ട് എങ്കിലും എനിക്കയാളെ കുറിച്ചോ അയാള്‍ക്കെന്നെ കുറിച്ചോ കൂടുതലൊന്നും അറിയില്ല.
കാണുമ്പോള്‍ ഒരു മലയാളി ആണല്ലോ എന്ന് കരുതി കൈ കൊടുക്കും ; സലാം പറയും..
ഏറിയാല്‍ "സുഖമല്ലേ" എന്ന ഒരു ചോദ്യവും..
മറുപടി പ്രതീക്ഷിച്ചു കൊണ്ടല്ല ചോദിക്കുനതെങ്കിലും
"സുഖം തന്നെ" എന്ന സ്ഥിരം പല്ലവി. അല്ലെങ്കില്‍ അലസമായൊരു ചിരി..
പ്രവാസിയായതില്‍ പിന്നെ ആ ചോദ്യത്തിനു അതില്‍ കൂടുതല്‍ ഒരു മറുപടി കിട്ടിയിട്ടില്ല ; കൊടുത്തിട്ടുമില്ല..

അലക്ഷ്യമായ എന്റെ ചോദ്യത്തിനു അയാള്‍ തന്ന അലസമായ മറുപടിക്ക് ക്ശുഭിതനാവുമായിരുന്നു ഞാന്‍..
രണ്ടു വര്‍ഷങ്ങള്‍ക്കു പിറകിലെ നാട്ടുകാരനായിരുന്നു എങ്കില്‍.. പക്ഷെ ; 
ഇന്നെനിക്കത്തിനു കഴിഞ്ഞില്ല. ; പ്രവാസം എന്നില്‍ തീര്‍ത്ത മാറ്റങ്ങള്‍.. !!!

ഞാന്‍ സൌദിയില്‍ വന്നിട്ട് ഈ കണ്ട കാലത്തിനിടക്ക് പേരിനു പോലും ഒരു പശുവിനെ കണ്ടട്ടില്ല..
പിന്നെയല്ലേ പൈകിടാവ്...? ( നാട്ടിലെ പോലെ അങ്ങാടി പൈക്കളൊന്നും ഇവിടില്ല കേട്ടോ..)
ആ.. മറന്നു.. പശുവിനെ കണ്ടിട്ടുണ്ട്.. അല മറായിയുടെ മോരിന്റെയും പാളിന്റെയുമൊക്കെ ബോട്ടിലിന്മേല്‍ മാത്രം..
ജീവനോടെ ആകെ കണ്ടത് കുറച്ചു ഒട്ടകങ്ങളെയും ( വരി വരിയായി എന്നൊക്കെ പണ്ട് പാട്ടില്‍ കേട്ടിട്ടുണ്ടെങ്കിലും
ഇന്ന് വരെ അവ വരിയായി പോകുന്നത് ഞാന്‍ കണ്ടിട്ടില്ല.) പിന്നെ കുറെയേറെ പൂച്ചകളെയും മാത്രം..
ഒരിക്കല്‍ മൂത്തുപ്പയുടെ മോന്‍ തമാശയായിട്ട് പറയണത് കേട്ടിട്ടുണ്ട്.
" ഇവിടുത്തെ പൂച്ചകളെ സെന്സെസ് എടുത്താല്‍ ജനത്തെക്കള്‍ വലിയ ഭൂരിപക്ഷം പൂച്ചകള്‍ക്ക് ആയിരിക്കും.."
ഇവിടെ പൂച്ചകള്‍ക്ക് സ്വന്തമായി കെട്ടിടം വരെയുണ്ട്.. ( പൂച്ച ബില്‍ഡിംഗ്‌.)
ഞങ്ങള്‍ ജിദ്ധയിലെ മലയാളികള്‍ക്ക് ( എവിടെത്തെയും പോലെ ) തിരിച്ചറിയുന്നതിനായി അടയാളങ്ങള്‍ ഏറെയുണ്ട്.
ഉദാ: ടോര്‍ച് ബില്‍ഡിംഗ്‌  , നീല ബില്‍ഡിംഗ്‌ , കൂട്ട ബില്‍ഡിംഗ്‌  etc ... 

നാട്ടിലായിരുന്നു എങ്കില്‍ ഒരാഴ്ചക്ക് വാദ പ്രതിവാദം നടത്താനുള്ള അത്രയും ചോദ്യങ്ങളും മറു ചോദ്യങ്ങളും
മനസ്സില്‍ നരനായാട്ടു നടത്തിയിട്ടും ഞാന്‍ വളരെ ലാഖവത്തോടെ നടന്നു നീങ്ങി.
കാരണം ഞാന്‍ ചെന്നിട്ടു വേണം ഓഫീസ് തുറക്കാന്‍.. താക്കോല്‍ എന്റെ കയ്യിലല്ലേ..?
( അത് തുറന്നിരിന്നിട്ടും കാര്യമായി ഒന്നും ചെയ്യാനില്ല
എന്നത് എന്നെയും എന്റെ ജോലിയും കുറിച്ചറിയുന്നവര്‍ക്ക് മാത്രം അറിയാവുന്ന സത്യം..)

അങ്ങിനെ ഓഫീസ് തുറന്നു ജോളി ( not ജോലി ) തുടങ്ങിയപ്പോള്‍
ഞാന്‍ അയാളെ കുറിച്ച് ഓര്‍ത്തു. ഒപ്പം അയാള്‍ പറഞ്ഞ വാക്കുകളെയും..
ആദ്യമായി ജോലിക്ക് പോയി തുടങ്ങിയ നാളുകളിലാണ്‌ ഞാന്‍ അയാളെ കാണുന്നത്
ഭാഷ അറിയില്ല എന്നുള്ളത് കൊണ്ട് തന്നെ ചുറ്റിലും നില്‍ക്കുന്നവരെ അത്ര ഗൌനിക്കാതിരുന്ന കാലം..

അങ്ങിനെ ഒരു ദിവസം ഞാന്‍ നടന്നു വരുമ്പോള്‍
" യാ ഹാരിസ്  " എന്ന് ആരോ വിളിക്കുന്നതും വിളി കേട്ടിട്ടെന്ന പോലെ അയാള്‍
ആ വിളിച്ച അറബിയുടെ അടുത്തേക്ക് ചെല്ലുന്നതും കണ്ടപ്പോളാണ് ഞാന്‍ അയാളെ ശ്രദ്ധിച്ചത്..
കണ്ടാല്‍ ഒരു മലയാളി ലുക്ക്‌ ഉണ്ട്. പിറ്റേ ദിവസം മുതല്‍ ഞാന്‍ അയാളെ കൂടുതല്‍ ശ്രദ്ധിക്കാനും തുടങ്ങി.
ഒരു ദിവസം പരിജയപ്പെടാന്‍ എന്ന വണ്ണം ഞാന്‍ അയാളെ വിളിച്ചു.
" ഹാരിസ് കാക്കാ.. നാട്ടില്‍ എവിടെയാ..? "
ആകെ കുലുങ്ങിയ ഒരു ചിരിയായിരുന്നു അതിനു മറുപടി..
ആ ദിവസത്തിനു മുമ്പോ അതിനു ശേഷമോ അയാള്‍ അങ്ങിനെ ചിരിച്ചു ഞാന്‍ കണ്ടിട്ടില്ല..
പരിഭ്രമത്തോടെ നില്‍ക്കുന്ന എന്നോട് കുശലങ്ങള്‍ക്കൊടുവില്‍ അയാള്‍ ചോദിച്ചു..?
നീ എന്താ എന്നെ വിളിച്ചത്..?
ഞാന്‍ വീണ്ടും സംശയത്തോടെ
( ടീച്ചറുടെ ചോദ്യത്തിന് മുമ്പില്‍ ഉത്തരം ശരിയാണോ എന്നുറപ്പില്ലാത്ത ഒരു നില്‍പ്പുണ്ടല്ലോ ; അതുമാതിരി )
പറഞ്ഞു .  " ഹാരിസ് "
അയാള്‍ പിന്നെയും ചിരിച്ചു. എന്നിട്ട് പറഞ്ഞു
എന്റെ പേര് ഖാദര്‍; കുഞ്ഞാക്ക എന്ന് എല്ലാരും വിളിക്കും.
ഞാന്‍ ബാക്കി നില്‍ക്കുന്ന സംശയത്തില്‍ ചോദിച്ചു..
" അപ്പോള്‍ പിന്നെ ആ അറബി ഹാരിസ് എന്ന് വിളിച്ചതോ..? "
എന്റെ അറിവില്ലായ്മയെ കളിയാക്കാതെ തന്നെ ( ചിരിച്ചു എങ്കിലും )
അയാള്‍ ആ ഞെട്ടിക്കുന്ന സത്യം എന്നോട് പറഞ്ഞു തന്നു..
" ഇവിടെ ഹാരിസ് എന്നാല്‍ വാച്ച് മാന്‍ എന്നാണ്."

അതില്‍ പിന്നെ എന്നും സലാം പറയുകയും സുഖമല്ലേ എന്ന് ചോദിക്കയും ചെയ്യും..
ഞാന്‍ കാണുമ്പോള്‍ മിക്ക സമയങ്ങളിലും അയാളുടെ കയ്യില്‍ ഒരു ബക്കെട്ടും അതില്‍ കുറച്ചു വെള്ളവും കാണും..
പിന്നെ മറ്റേ കയ്യില്‍ ഒരു തുണി കഷ്ണവും..
അത് വണ്ടികള്‍ കഴുകാനാണ് ഉപയോകിക്കുന്നത് എന്ന അറിവ് എന്റെ സാമാന്യ ബുദ്ധിയില്‍ ഒതുങ്ങുന്നതായിരുന്നു..

ആ...
ഇപ്പോള്‍ മനസ്സിലായി...
അയാളുടെ ആ അലസമായ മറുപടി നര്‍മ്മത്തില്‍ പോതിഞ്ഞതായിരുന്നു എന്ന്..
അയാള്‍ പൈക്കിടാങ്ങള്‍ എന്നുധ്വേഷിച്ചത് കഴുകാനുള്ള വണ്ടികളെയാണ്..
ആ വണ്ടികള്‍ കൂടി കഴുകിയാല്‍ ഇന്നത്തെ അയാളുടെ വണ്ടി കഴുകല്‍ കഴിയും..

സമയമേറെ ആയി..
അയാള്‍ ഇപ്പോള്‍ കാത്തിരിക്കയാവും ; ആ വണ്ടികള്‍ വരുന്നതും കാത്ത്..
അല്ല..
അയാളുടെ ഭാഷയിലെ പൈക്കിടാങ്ങളെ കാത്ത്..
------------
സക്കീര്‍ ഹുസൈന്‍ എന്‍.ടി.
ടി.എന്‍.പുരം. now@ ജിദ്ധ - സൗദി.

1 അഭിപ്രായം:

  1. മുമ്പ്‌ വായിച്ചതാണ് .. യുവയില്‍ .. വീണ്ടും വായിച്ചു രസിച്ചു.
    താക്കോലിനു മുമ്പ് എഴുതിയതാണ് സൂപ്പി. വിമര്‍ശത്തിനു നന്ദി

    മറുപടിഇല്ലാതാക്കൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?