09 ഫെബ്രുവരി 2012

നിഴല്‍ ...

തെറ്റുകള്‍ ചെയ്യാതെ മുഴുമിച്ച ഈ ദിവസം നല്‍കുന്ന 
സംതൃപ്തിയില്‍ തെറ്റ് ചെയ്യാന്‍ സാധ്യതയുള്ളൊരു നാളെയുടെ 
പ്രഭാതം എനിക്ക് ഇല്ലാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു 
ഉറക്കത്തെ പ്രതീക്ഷിച്ച നാളുകള്‍ ... 
അന്ന് മരണമെന്ന അനുഭൂതിയെ ഞാന്‍ ഇഷ്ടപ്പെട്ടു... 
രാവിന്റെ ഏതെങ്കിലുമൊരു യാമത്തില്‍ ഞാനതു പ്രതീക്ഷിച്ചു... 
ഉറക്കമുണരുമ്പോള്‍ ... 
ഞാന്‍ മണം പിടിക്കുമായിരുന്നു... 
കത്തിച്ചു വെച്ച കുന്തിരിക്കത്തിന്റെ മണത്തിനായി... 
ആ മണം കിട്ടാതെ വരുമ്പോള്‍ നിരാശയോടെ മൂക്കില്‍ പരതുമായിരുന്നു... 
തിരുകി വെച്ച പഞ്ഞിയുണ്ടോ എന്നറിയാന്‍ ... 
അതില്ലെന്നുറപ്പായാല്‍ തലയുയര്‍ത്തി കാലിലേക്ക് നോക്കുമായിരുന്നു... 
ഇരുകാലുകള്‍ ബന്ധിക്കുന്നൊരു കെട്ട് പെരുവിരലുകള്‍ അലങ്കരിച്ചിട്ടുണ്ടോ എന്നറിയാനായി... 
അന്നൊക്കെ എന്നെ അവഗണിച്ച മരണമേ... 

എന്തിനെന്റെ ഉറക്കം നഷ്ടമാക്കുവാന്‍ ഈയിടെയായി നീ വരുന്നു... 
ഉറക്കം നഷ്ടമാകുന്ന രാത്രിയുടെ യാമങ്ങളില്‍ ഓരോ ഇലയനക്കം 
പോലും എന്നില്‍ ഉളവാക്കുന്ന ഭീതി നീ കാരണമല്ലേ..? 
ഓരോ കാല്പാദത്തിന്റെ ഞരക്കവും നിന്റെ വരവറിയിക്കുന്നതെന്തിനാണ്... 
അകലങ്ങളില്‍ നിന്നും ഒഴുകിവരുന്ന ഇളംകാറ്റില്‍ പോലും നിന്റെ 
നനുത്ത സ്പര്‍ശം ഞാനനുഭവിച്ചറിയുന്നു മരണമേ... 
ഞാനിന്നു നിന്നെ ഭയക്കുന്നു... 
അത് സത്യമെങ്കില്‍ ഏതൊരു സത്യത്തിനുമെന്ന പോലെ
ആ സത്യത്തിനു 
പിറകിലും ഒരു കാരണമുണ്ടാകും...
ആ കാരണം തേടിയാണ് ഇന്നെന്റെ യാത്ര... 

ഈ പകലവസാനിക്കുമ്പോള്‍ എനിക്കൊരു ഉത്തരം വേണം... 
പങ്കുകാരുള്ള പകലിനപ്പുറം ഞാന്‍ ഏകാനാവുന്ന രാത്രിക്ക് മുമ്പ് 
ആ പൊരുള്‍ എനിക്കറിഞ്ഞേ തീരൂ... 
വേട്ടമൃഗത്തിന്റെ വീറോടെ എന്നെ വേട്ടയാടുന്ന മരണമേ... 
നിഴലായി കൂട്ട് കൂടുന്ന നിന്നെ കുറിച്ചുള്ള ഭയത്തില്‍ ഇനിയും 
നീറി നീറി ഇല്ലാതാകുവാന്‍ എനിക്കാവില്ല... 
നിന്നെ ഭയപ്പെടാതെ ജീവിക്കാനാവുന്നൊരു നാളെയെ
ഞാന്‍ സ്വപ്നം കാണുന്നു... 
ആ സ്വപ്ന സാക്ഷാല്‍ക്കരത്തിന്റെ
വഴിയിലാണ് ഞാന്‍ ഇപ്പോള്‍ ... 

എന്നെ പിന്തിരിപ്പിക്കാതെ...
എനിക്ക് മുമ്പിലൊരു മാര്‍ഗ്ഗ തടസ്സം ആവാതെ 

അകന്നു പോവുക നീ...
അനിവാര്യമായ ആ നാള്‍ വരെയെങ്കിലും....

6 അഭിപ്രായങ്ങൾ:

  1. മരണത്തിന്റെ മുഖം തികച്ചും പേടിപ്പെടുത്തുന്നത് തന്നെയാണ്. ജലദോഷം വന്നാല്‍ സത്യത്തില്‍ എനിക്ക് കണ്ണടക്കാന്‍ ഭയമാണ്. മൂക്ക് അടഞ്ഞിരിക്കുകയാണ്. എങ്ങാന്‍ ശ്വാസം കിട്ടിയില്ലെങ്കിലോ? ഉറങ്ങുമ്പോള്‍ മരിച്ചു പോയാലോ? ഭീതിയുളവാക്കുന്ന ചിന്തകള്‍ ആണ് ഇവ പലപ്പോഴും.. എന്നാല്‍ വിഢിത്തവും ..

    മറുപടിഇല്ലാതാക്കൂ
  2. ഇവിടെക്കിങ്ങനെ ആരും കടന്നു വരാറില്ല..
    അങ്ങേക്കെങ്ങനെ വഴി പിഴച്ചു..?
    വന്നു... കണ്ടു... വായിച്ചതില്‍ സന്തോഷം...
    നന്ദി സുഹൃത്തേ..

    മറുപടിഇല്ലാതാക്കൂ
  3. മരണം സുഹൃത്തും ശത്രുവും ആണല്ലോ ......

    മറുപടിഇല്ലാതാക്കൂ
  4. തീര്‍ച്ചയായും...
    വന്നു കണ്ടു അഭിപ്രായം അറിയിച്ചതില്‍ സന്തോഷം..?
    എങ്ങനെ എത്തിപ്പെട്ടു ഇങ്ങോട്ട്..?
    എന്റെ ബ്ലോഗ്ഗില്‍ ഫോല്ലോവേര്സ് ഇല്ലല്ലോ..?
    Anyway thanks..

    മറുപടിഇല്ലാതാക്കൂ
  5. ഇളംകുന്നപ്പറവകളില്‍ ഫോല്ലോവെര്‍ ആയതിനാല്‍ കണ്ടെത്തി ....താങ്കളിലുടെ ഒത്തിരി നല്ല ബ്ലോഗുകളും പരിചയപ്പെട്ടു.....അല്ലാ എങ്ങനെ എത്തിപ്പെട്ടു ഇങ്ങോട്ട്..?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗൂഗിള്‍ വഴിയുള്ള ഗണിത അന്വേഷണത്തില്‍ ആണ് പല സ്കൂള്‍ ബ്ലോഗ്ഗുകളെ കണ്ട കൂട്ടത്തില്‍ നിങ്ങളെയും കണ്ടെത്തിയത്... അത്യാവശ്യം ഉപയോഗപ്രദമെന്നും പ്രോല്സാഹനാര്‍ഹവും ആണ് എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് ഫോളോ ചെയ്തതും...

      ഇല്ലാതാക്കൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?