18 ഓഗസ്റ്റ് 2011

ഒരു ചരമകുറിപ്പ്...!!!


ഞാന്‍ മരിക്കുകയാണ്...
അല്ല ; മരിച്ചു കൊണ്ടിരിക്കയാണ്...
ഞാന്‍ വംശ നാശ ഭീഷണി നേരിടുന്ന എന്റെ സമൂഹത്തിന്റെ പ്രതീകം മാത്രം.

എന്തിനീ ആരും വായിക്കാന്‍ ഇടയില്ലാത്ത കുറിപ്പെഴുതുന്നു എന്നറിയില്ല..
ഇനി ആരെങ്കിലും വായിക്കുന്നു എന്നതുകൊണ്ട്‌ അതെന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയുമില്ല..
എന്നിട്ടും എഴുതുന്നു ഞാന്‍ ...

അഗ്നിയാല്‍ ശുദ്ധികലശം ചെയ്താണ് ഞാന്‍ പിറന്നത്‌
പലപ്പോഴും നിങ്ങള്‍ക്ക് നോവാതിരിക്കാന്‍ ജലത്തില്‍ സ്നാനം ചെയ്തു ഞാന്‍ ...
ശാന്ത പ്രകൃതമായിരുന്നു എന്റേത്..

എന്റെ ബാല്യവും കൌമാരവും യുവത്വവും ഒക്കെ തീര്‍ന്നു.
കാലാകാലങ്ങളായി നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഞാന്‍ ജീവിച്ചു. 
എന്നിട്ടും.. ഞാന്‍ ഇന്ന് അനാഥനായി മരണത്തോട് മല്ലടിച്ച് കഴിയുന്നു..!!!

നിങ്ങളിലെ കുട്ടികള്‍ എന്നെ ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ചു.
പലപ്പോഴും മറ്റുള്ളവരുടെ വസ്ത്രത്തിലും അയല്‍പക്കത്തെ ചുമരുകളിലും ഒക്കെ...
അതിന്റെ പേരില്‍ ശാസന ഏറ്റു വാങ്ങി ഞാന്‍ പലപ്പോഴും..

നിങ്ങളിലെ പൊടിമീഷക്കാരും നാടകക്കാരും എന്നെ ഉപയോഗിച്ച്
ഒരുപാട് നെഗളിച്ചു... നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ശേഷം എന്റെ സ്ഥാനം
ചവറ്റു കൊട്ടയിലായിരുന്നു പലപ്പോഴും..

പ്രതിഷേധ റാലികളിലും ചുമരെഴുതുകളിലും ഒരുപാട് കാലം ഞാന്‍
നിങ്ങള്‍ക്കൊപ്പം നിന്നു ... 
പലര്‍ക്കുമെതിരായി... പലരെയും വാഴ്ത്താനായി..

നിങ്ങളുടെ ദൂരമുള്ള യാത്രകളില്‍ നീളമുള്ള വാഹനത്തിന്റെ
ദാഹമായി... ഇന്ധനമായി... 
ഞാന്‍ എരിഞ്ഞു തീര്‍ന്ന കാലം വിദൂരമല്ല...

നിങ്ങളുടെ അടുക്കളയിലും രാത്രി സംഗമങ്ങളിലും
ഞാന്‍ അനാഥനായി വളര്‍ന്നു.. പലതിന്റെയും ബാകിപത്രമായി...
ആത്മ സംത്രിപ്തിയോടെയും പ്രതിഷേധതോടെയും നിങ്ങളെന്നെ
വലിച്ചറിഞ്ഞു പലപ്പോഴും..

ഇന്ന് ...
എന്നെയും എന്നെ പോലെ പലരെയും നിങ്ങള്‍ക്ക് വേണ്ടാതായി.
എന്തിനു പറയുന്നു.. നിങ്ങളുടെ സ്വാര്‍ത്ഥതക്കു മുന്‍പില്‍
എനിക്ക് ജന്മാവകാശം തന്ന മരങ്ങളും ഇല്ലാതായി..
അല്ല ; നിങ്ങള്‍ ഇല്ലാതെയാക്കി.

ഞാന്‍ .....
നിങ്ങളിലെ പൊടിമീശക്കാരന്റെ അഹങ്കാരം...
പലരുടെയും അലങ്കാരവും പലരെയും അലങ്കൊലവും ഒക്കെ 
ആക്കി മാറ്റാന്‍ നിങ്ങളെ സഹായിച്ച മഹാ മനസ്കന്‍ ...

അതെ മരണത്ത്തിട് മല്ലടിച്ച് കഴിയുന്ന
ഒരുകാലത്ത് നിങ്ങളുടെ സ്വന്തവും
ഇന്ന് നിങ്ങള്‍ക്കന്യനുമായ
" കല്‍ക്കരി " കരിക്കട്ട.

അതെ... ഞാന്‍ ( കരിക്കട്ട ) കല്‍ക്കരി..!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?