പാര്‍ടി ആഹ്വാനം ചെയ്ത സമരത്തില്‍ ബസ്സിനു കല്ലെറിയാന്‍ കൈ പൊക്കിയപ്പോള്‍ മനസ്സൊന്നു പതറി..
" എന്തിനു വേണ്ടി എന്ന് "...
പിന്നെ താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ പാര്‍ടി നേതാക്കളുടെ ഉത്തരവല്ലേ...
എറിഞ്ഞു ഞാനും.. ചിതറി വീണ കുപ്പി ചില്ലുകള്‍ താണ്ടി വീട്ടിലേക്കുള്ള വഴി എത്തിയപ്പോള്‍ ആളുകള്‍ തന്നെ കണ്ടു എണീറ്റ് നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരു തെല്ലു അഹങ്കാരം തോന്നി... " സമരം ആഹ്വാനം ചെയ്ത പാര്‍ട്ടി യുടെ ആളെന്ന നിലയില്‍ കിട്ടിയ ഭയം നിറഞ്ഞ ബഹുമാനം ഓര്‍ത്ത്..
മുള്ള് വേലിയും കടന്നു വീട്ടു വളപ്പില്‍ കയറിയപ്പോള്‍ ഒരാള്‍ക്കൂട്ടം തനിക്കു വഴിമാറി തരുന്നത് കണ്ടപ്പോള്‍ പക്ഷെ....
ഉള്ളില്‍ ഒരാന്തല്‍ ആയിരുന്നു... ഉമ്മറപ്പടി കടന്നപ്പോള്‍ കണ്ടു... തൂവെള്ളയില്‍ പൊതിഞ്ഞ കുഞ്ഞു പെങ്ങളുടെ ചിരിക്കുന്ന മുഖം..
തനിക്കു ചുറ്റും സംഭവിക്കുന്നതെന്തെന്നറിയാതെ ചുമരിലൂടെ താഴേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ആരോ അടക്കം പറയുന്നത് കേട്ടു..
" സമരക്കാര്‍ ബസ്സിനു കല്ലെറിഞ്ഞതില്‍ ഒന്ന് ആ കുട്ടിയുടെ തലക്കാ കൊണ്ടത്... "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?