അക്ഷര തെറ്റല്ല... ക്ഷമിക്കുക... " ആദ്യ പ്രവാസം വിവാഹത്തിന് മുമ്പ് " എന്നാണ് കവി ഉദ്വേശിച്ചത് ... പിന്നെ തലക്കെട്ട് നിങ്ങളുടെ തലക്കകത്ത് ഒരോളം സൃഷ്ടിച്ചു ശ്രധിപ്പിക്കുക എന്ന പുതിയ മാധ്യമ തന്ത്രമെടുത്ത ഒരു എളിയ അക്ഷരപ്രേമിയുടെ പരീക്ഷണ പതിപ്പ് മാത്രം... എന്ന് കരുതി പുറംപച്ച കണ്ടു തണ്ണിമത്തന്‍ വാങ്ങി അകം ചുകപ്പു കണ്ടു അരിശം മൂത്ത സീതിഹാജിയുടെ അവസ്ഥ നിങ്ങള്‍ക്കുണ്ടാവില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു.. തലക്കെട്ടുമായി തീരെ ബന്ധമില്ലാത്ത വിഷയമൊന്നുമല്ല നമ്മള്‍ പറഞ്ഞു വരുന്നത്... പറമ്പില്‍ മുള്ളിയപ്പോള്‍ തെറിച്ചുണ്ടായ ബന്ധം പോലെ ചെറിയ ബന്ധമൊക്കെയുണ്ട് ....
ഇനി കാര്യത്തിലേക്ക് ; അല്ല കഥയിലേക്ക് കടക്കാം... കഥ എന്നൊക്കെ പറഞ്ഞാല്‍ കെട്ടുകഥയൊന്നുമല്ല കേട്ടോ.. ഒരു അനുഭവ കഥ... എന്റെ എന്ന് കരുതി ഇവിടെ വെച്ച് നിറുത്തി പോണ്ടാ.. ഈയുള്ളവന്റെ അല്ല... എന്നാല്‍ ഈയുള്ളവനുമായി നേരത്തെ പറഞ്ഞ പോലെ ഒരു ബന്ധം കഥാപാത്രവുമായി ഇല്ലതെയുമില്ല... ഇതിലെ കഥാപാത്രം നിങ്ങളില്‍ ആരെങ്കിലുമാണ് എന്ന് ആര്‍ക്കെങ്ങിലും അറിയാതെയെങ്കിലും തോന്നിയാല്‍ മാപ്പ്.. ഒന്നും മനപ്പൂര്‍വ്വമല്ല.. യാദ്രിശ്ചികമെന്നു പറഞ്ഞു തടിയൂരാന്‍ കഴിയുകയുമില്ല... ആകെ ഒരാശ്വാസം ഉള്ളതു തല്ലു നേരിട്ട് വന്നു ആരും തരില്ല എന്നതാണ്.... അതിനു വണ്ടി വിളിച്ചു വന്നു തല്ലാന്‍ മാത്രം പിരാന്ത് ഉള്ളോര്‍ ഇത് വയിക്കൂലല്ലോ എന്ന് തന്നെയാണെന്റെ വിശ്വാസം..
കഥ തുടങ്ങുന്നത് കൊയാക്കാന്റെ മുറിയില്‍ നിന്നുമാണ് ... അവിടെ അന്ന് പ്രാരാബ്ദ പെട്ടിയുമായി ഒരു പാവം വരുന്നുണ്ട്... പ്രവാസത്തിന്റെ പച്ചപ്പ് തേടി... പച്ചയും ചുകപ്പും പണ്ടാരടങ്ങി നില്‍ക്കുകയാണ് എന്ന് നാഴികക്ക് നാല്പതു വട്ടം നമ്മളൊക്കെ പറയുന്നുണ്ടെങ്കിലും ഗള്‍ഫിലേക്ക് വന്നു ഇറങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ മാറ്റമൊന്നുമില്ല... വരുന്നവന്റെ മനസ്സിനും... രണ്ടു തോര്‍ത്തും ചീര്‍പ്പും കൈലി മുണ്ടും പൈസ്റ്റും ബ്രഷും അടങ്ങുന്ന പ്രാരാബ്ദ പെട്ടിക്കു പുറമേ കൊയാക്കാന്റെ പൊരയില്‍ നിന്നും കൊടുത്തയച്ച ഉണ്ണിയപ്പവും സുര്‍ക്കയിലിട്ട നെല്ലിക്കയും സ്രാവ് അച്ചാറും പോത്ത് വരട്ടിയതും പിന്നെ നൈസ് പത്തിരിയുമൊക്കെ പ്രതീക്ഷിച്ചു ഞങ്ങള്‍ ചിലര്‍ മനക്കണക്ക് കൂട്ടി അന്ന് റൂമില്‍ കൂടിയിട്ടുണ്ട്... ഏതാണ്ട് വീതം വെച്ച് കിട്ടുന്ന പലചരക്ക് വാങ്ങാന്‍ പഴയ മാവേലി സ്റ്റോര്‍ തുറക്കുന്നതും കാത്തുകെട്ടി കിടക്കുന്ന പോലെ... ഉള്ളത് പറഞ്ഞാല്‍ ഉച്ചക്ക് വിശപ്പിനെ അവഗണിച്ചു
( വരുന്ന സാധനങ്ങള്‍ നമ്മള്‍ തന്നെ തിന്നണമല്ലോ ) കഴിച്ച ഇച്ചിരി ചോറ് സ്പോഞ്ചില്‍ വെള്ളമൊഴിച്ച പരുവമായിരുന്നു..
കോയാക്ക ഈ വരുന്ന കക്ഷിയെ നേരില്‍ കണ്ടിട്ടില്ല... കുടുംബത്തിലെ തരിയെങ്കിലും അരിപ്പയില്‍ കുടുങ്ങാതെ വഴുതി നടക്കുന്ന കഥയാണ് അതിനു പിറകില്‍ പറയാനുള്ളത്.. അത് നമുക്ക് പിന്നീട് പറയാം... തിരിച്ചറിയില്‍ പരേഡ് നു കൊണ്ട് പോകാനായി ഓഫീസില്‍ ചറപറാ പേപ്പര്‍ പെറ്റു കൂട്ടുന്ന പ്രിന്റെറില്‍ നിന്നും പേരെഴുതിയ ഒരു ഷീറ്റും എടുത്തു നമ്മള്‍ റൂമില്‍ എത്തിയപ്പൊഴേക്കും അവര്‍ എയര്‍ പോര്ടിലേക്ക് പുറപ്പെട്ടിരുന്നു... അതല്ലേലും എയര്‍ ഇന്ത്യ പഞ്ചായത്ത് വക പൈപ്പില്‍ വെള്ളം വരുന്ന പോലെ അല്ലെ.. എപ്പോ വരുമെന്നോ എപ്പോള്‍ പോകുമെന്നോ പ്രവചിക്കാന്‍ ആകില്ല... അതെന്തെങ്കിലും ആവട്ടെ... വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞ ഇട്ട ഷര്‍ട്ട് ന്റെ നിറം വെച്ച് അവര്‍ ആളെയും പൊക്കി റൂമില്‍ ലാന്‍ഡ് ചെയ്തു... വന്ന പാവം ടിപ്പു സുല്‍ത്താന്‍ കോട്ട ( പഴയ ഒരു ഗോടൌന്‍ റൂമാക്കി മാറ്റിയത് വന്നു കണ്ട മറ്റൊരു അന്തേവാസി ഇട്ട പേരാണ് ) കണ്ടു അന്തം വിട്ടു നില്‍ക്കുമ്പോള്‍ ഞങ്ങള്‍ ചാകര ഉള്ള ദിവസം കടപ്പുറത്ത് പോയ അവസ്ഥയില്‍ ആയിരുന്നു...
ആ ദിവസം അങ്ങിനെ കഴിഞ്ഞു... പിറ്റേന്ന് വെള്ളി ആയതോണ്ട് ഞങ്ങളൊക്കെ റൂമില്‍ ഉണ്ടായിരുന്നത് കൊണ്ടും അന്നും രസകരമായി തന്നെ കടന്നു പോയി... പിറ്റേന്ന് ഞങ്ങള്‍ പണിക്കു പോകുമ്പോള്‍ ആ മാന്യദേഹം തനിച്ചായി... അന്ന് തന്നെ അദ്ധേഹത്തെ കൊണ്ട് കളിക്കളം ( ഇനി അദ്ദേഹം ജോലി എടുക്കാനുള്ള സ്ഥലം ) കാണിക്കാന്‍ കൊണ്ട് പോയി... അതിനു പിറ്റേ ദിവസം മെഡിക്കല്‍ എടുത്തു ... പിറ്റേന്ന് ജോലിയില്‍ കയറി... മൂന്നാം ദിവസം ജോലിയില്‍ കയറാന്‍ കഴിഞ്ഞ അപൂര്‍വ്വം ചില ഭാഗ്യവാന്മാരില്‍ ഒരാളായി ആ പുതുപ്രവാസി ജോലി സ്ഥലത്ത് അവര്‍ക്കനുവദിച്ച താമസ സ്ഥലത്തേക്ക് പോയി...കഥ ഇത് വരെ സാമാന്യം തരക്കേടില്ലാതെ പോയി ... ഇനിയാണ് ട്വിസ്റ്റ് ...
പച്ച വെള്ളത്തില്‍ നിന്നും പിടിച്ച മീനിനെ ചൂട് വെള്ളത്തില്‍ കൊണ്ട് പോയി ഇട്ട അവസ്ഥ ആയിരുന്നു നമ്മുടെ കഥാപാത്രത്തിനു... അറബികള്‍ മാത്രം ഉള്ള റൂമില്‍ ഏക മലയാളിയായി ഭാഷ അറിയാതെ... ആംഗ്യ ഭാഷ മാത്രം ശരണം... ഡീസന്റ് അറബികള്‍ ആയതോണ്ട് റാഗ്ഗിംഗ് ഒന്നും ഇല്ലായിരുന്നു എങ്കിലും അസ്വസ്ഥത അയാളെ വരിഞ്ഞു മുറുക്കി തുടങ്ങി... ആ ഏകാന്തതയില്‍ അയാള്‍ നാടിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി.. ഭാര്യയെയും കുട്ടികളെയും കുറിച്ച് ആലോചിക്കാന്‍ തുടങ്ങി.. കണ്മറഞ്ഞിട്ടു നാല് നാളായി... കാണാന്‍ കൊതിയാവുന്നു.. ഇനി എന്ന് കാണാന്‍ കഴിയുമെന്നതോര്‍ത്ത് അയാള്‍ വിതുമ്പലിനെ വക്കോളം എത്തി... അന്നും എന്നത്തേയും പോലെ കലണ്ടറില്‍ മറ്റൊരു ദിവസം കൂടി കടന്നു പോയി..
വീട്ടിലേക്കു വിളിക്കാന്‍ ഉള്ള സൗകര്യം കോയാക്ക ചെയ്തു കൊടുത്തിരുന്നത് കൊണ്ട് പിറ്റേന്ന് അയാള്‍ വിളിച്ചു... വിതുമ്പല്‍ അടക്കാനായില്ല.. കരഞ്ഞു പോയി.. മക്കളെ കാണണം എന്നും പറഞ്ഞു... പോരേ പുകില്‍ ...നാട്ടില്‍ നിന്നും കൊയാക്കാക്ക് വിളി വന്നു... ഓന്‍ ആകെ കരച്ചില്‍ ആണ് എന്നും പറഞ്ഞു... കോയാക്ക അവനെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു...കോയാക്ക പറഞ്ഞു " ഇന്നത്തെ ദിവസം കൂടി നീ ഒന്ന് ക്ഷമിക്കൂ.. നാളെ ഞാന്‍ അങ്ങോട്ട് വരാം..."
അങ്ങിനെ വെള്ളി... ഞങ്ങള്‍ എല്ലാവരും കൂടി വണ്ടിയില്‍ കയറി നായകന്‍റെ കളിക്കളം ലക്ഷ്യമാക്കി യാത്ര തിരിച്ചു... തല്ലുണ്ടാക്കാനായി മാത്രം വണ്ടി എടുത്തു പന്ത് കളി ഗ്രൌണ്ടിലും പൂരപ്പറമ്പിലും പോകുന്ന സ്വദേശി സുഹൃത്തുക്കള്‍ നഖം ഉരച്ചു കാത്തു നില്ക്കണ്ടാ... സംഘട്ടനം ഒന്നും നമ്മുടെ കഥയില്‍ ഇല്ല... മാഫിയ ശഷിനേം ത്യാഗരജനെയുമൊക്കെ ബന്ധപ്പെടാന്‍ ശ്രമിച്ചതാ... ഒന്നും നടന്നില്ല...
ഞങ്ങളെ കണ്ടതും അദ്ദേഹം കരയാന്‍ തുടങ്ങി... അവനോടു സംസാരിച്ചു നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ഞങ്ങളിലെ തല മുതിര്‍ന്ന ചിലര്‍ അറബികളെ കാണാന്‍ ചെന്നു.. അപ്പോഴാണ് വിവരങ്ങളുടെ കിടപ്പ് വശം മനസ്സിലാകുന്നത് ... അവന്റെ കരച്ചില്‍ കണ്ടു കൂടെയുള്ള സൂരികള്‍ ( അറബികള്‍ ) ആകെ പരിഭ്രമിച്ചു... ഫോണ്‍ വിളിക്കുന്നു... കരയുന്നു... അവര്‍ അവന്റെ പ്രശ്നം എന്താണെന്ന് അറിയാതെ കുഴങ്ങി.. എന്തെങ്കിലും ചോദിക്കണം എന്ന് അവര്‍ക്കുണ്ട്.. ചോദിക്കുന്നുമുണ്ട്.. പക്ഷെ.. അവര്‍ പറയുന്നതൊന്നും അവനും അവന്‍ പറയുന്നതൊന്നും അവര്‍ക്കും മനസ്സിലായില്ല..
തിരിച്ചു വന്നു വിശദമായ ചോദ്യം ചെയ്യലിന് ശേഷം വാപ്പുക്ക FIR തയ്യാറാക്കി... പ്രശ്ന പരിഹാരത്തിന് വേണ്ട നിര്‍ദേശങ്ങളും നല്‍കി... എനിക്ക് നാട്ടില്‍ പോണം എന്ന കടുംപിടിത്തത്തില്‍ നിന്നും മിണ്ടിയും പറഞ്ഞുമിരിക്കാന്‍ ഒരു മലയാളിയെ വേണം എന്ന ഒരു ആവശ്യത്തിലേക്ക് അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി മടങ്ങുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു... വാപ്പുക്കയും കോയാക്കയും അടുത്ത കടയിലെ മലയാളികളുമായി സംസാരിച്ചു അവരുടെ കൂടെ താമസം ശരിയാക്കി കൊടുത്തു അഡ്വാന്‍സ് കൊടുത്തു ശരിയാക്കി വരും വരെ ആ മാന്യ ദേഹത്തെ ഞങ്ങളുടെ അടുത്ത് കിട്ടി...
കയ്യില്‍ കിട്ടേണ്ട താമസം കുഞ്ഞൂഞ്ഞു ചോദിച്ചു... റൂമില്‍ ബത്ത്രൂമും സൌകാര്യമുണ്ടോ എന്ന്.. ഉണ്ട് എന്നര്‍ത്ഥത്തില്‍ മൂപര്‍ തലയാട്ടി.. കണ്ണീര്‍ തുടച്ചു കൊണ്ട് നില്‍ക്കവേ ഉടനടുത്ത ചോദ്യം കുഞ്ഞൂഞ്ഞു ചോദിച്ചു... ബാത്‌റൂമില്‍ ഷവര്‍ ഉണ്ടോ..? ഉം .. ഒന്ന് മൂളി ... വെള്ളം എപ്പോഴും ഉണ്ടാകുമോ അതോ പിടിച്ചു വെച്ച വെള്ളമാണോ..? അടുപ്പിച്ചടുപ്പിച്ചുള്ള ചോദ്യങ്ങള്‍ കേട്ടിട്ടാവണം നായകന്‍ ഒന്ന് ഉഷാറായി.. എപ്പോഴും വെള്ളമുണ്ട് എന്ന് പറഞ്ഞു.. ഇപ്പോള്‍ വാക്കുകളായി തന്നെ പുറത്തു വന്നു പ്രതികരണം.. ഒന്ന് ശ്വാസം വിട്ടു അദ്ദേഹം തിരിച്ചു ചോദിച്ചു.. എന്താ ബാത്‌റൂമില്‍ വെള്ള സൗകര്യം ഉണ്ടോ എന്ന് ചോദിച്ചേ... കുഞ്ഞൂഞ്ഞിന്റെ മറുപടി ലളിതമായിരുന്നു.. " വെള്ള സൌകര്യമുള്ള ഒരു ബാത്രൂം ഉണ്ടായിട്ടാണോ നീ ഇങ്ങനെ മനുഷ്യനെ നാണം കെടുത്തുന്ന പോലെ നടുറോഡില്‍ നിന്ന് കരയുന്നേ... " കുഞ്ഞൂഞ്ഞു പണ്ടും അങ്ങിനെയാ... എത്ര തമാശയില്‍ നമ്മള്‍ ചിരിക്കേണ്ട വിഷയമാണെങ്കിലും വളരെ സീരിയസ് ആയിട്ടാണ് സംസാരിക്കുക.. ഒരുതരം ടേക്ക് ഇറ്റ് റിസ്കി ( not ഈസി ) ഫോര്‍മാറ്റ് ആണ് മൂപര്‍ക്ക്..
ഒന്നും മനസ്സിലാകാതെ അയാള്‍ മുഖത്തേക്ക് നോക്കിയപ്പോള്‍ കണ്ണീരി നാസര്‍ ( ആ പേര് വന്നതും ഒരു കഥനകഥയാണ് ) വിശദീകരിച്ചു കൊടുത്തു... അതായത് കുരുവീ... നമ്മള്‍ നാട്ടില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ ആദ്യമൊക്കെ കരച്ചില്‍ വരും.. ( എന്ന് കരുതി പിന്നെ കരച്ചില്‍ വരൂല എന്നല്ല.. ഇടക്കൊകെ വരും.. അതങ്ങ് ശീലമാകും എന്ന് മാത്രം.. ) അപ്പോള്‍ നമ്മള്‍ കുളിക്കനെന്ന ഭാവത്തില്‍ ബാത്‌റൂമില്‍ കയറും.. ഷവര്‍ തുറന്നിട്ട് അതെ സ്വരത്തില്‍ താളം തെറ്റാതെ പാടണം.. പാടണം എന്ന് പറഞ്ഞാല്‍ അറിയില്ലേ ... മനസ്സ് തുറന്നു കരയണം ന്നു... ഇനി ഞങ്ങളുടെ റൂമില്‍ ഒക്കെ ആണെങ്കില്‍ വെള്ളം പൈപ്പില്‍ കാണില്ല... ഇത് ഗള്‍ഫാണ് മാഷേ... ഇവിടം പെട്രോളിനെക്കാള്‍ വിലയാ വെള്ളത്തിനു... അങ്ങിനെ ഒരവസ്ഥയില്‍ ആണ് കരയേണ്ടതെങ്കില്‍ കപ്പില്‍ വെള്ളമെടുത്ത് മുകളില്‍ നിന്നും ബകെറ്റ് ലേക്ക് വെള്ളം ഉയര്‍ത്തി ഒഴിക്കുക... ആ സമയം വിദഗ്ദമായി കരയുക... ഇനി കരയേണ്ട സമയം ബാത്‌റൂമില്‍ ആളുണ്ടെങ്കില്‍ ( ബാത്രൂം നമുക്ക് ഫ്രീ ആയി കിട്ടാന്‍ സാധ്യത വളരെ കുറവാണ് ) തലക്കിണിയില്‍ തല പൂഴ്ത്തി ഒരു ഐറ്റം സോന്ഗ് ഉണ്ട്... ഇതൊക്കെ പരീക്ഷണാടിസ്ഥാനത്തില്‍ വിജയിപ്പിചെടുത്ത്ത് കൊണ്ടാണ് എനിക്ക് കണ്ണീരി നാസര്‍ എന്ന് പേര് വന്നത്... മനസ്സിലായോ... നീ ഗള്‍ഫിലേക്ക് പോരുമ്പോള്‍ ഇതൊന്നും പഠിച്ചിരുന്നില്ല അല്ലെ.. എന്ന അര്‍ഥം വെച്ചൊരു ചോദ്യം കൂടി പാസ് ആക്കിയപ്പോഴേക്കും കോയാക്കയും കൂട്ടരും എത്തി... ഞങ്ങള്‍ കരയാനും പറയാനും ഇനിയുമേറെ പഠിക്കാനും ഉള്ള അവസരം ഉണ്ടാകട്ടെ എന്ന് ആശംസിച്ചു അവനെ വീണ്ടും തനിച്ചാക്കി മടങ്ങി...
ഇനി തലവാചകത്തിലേക്ക് ...
ആരെങ്കിലും ഗള്‍ഫില്‍ പോകാന്‍ ഉദ്വേശിക്കുന്നു എങ്കില്‍ ദയവു ചെയ്തു അത് വിവാഹത്തിനു മുമ്പ് ആക്കുക... മറ്റൊന്നും കൊണ്ടല്ല ; ആലോചിച്ചു കരയുമ്പോള്‍ കേട്യോളയേം കുട്ട്യോളെയും ഒഴിവാക്കാം.. മക്കളെ ചിരിക്കുന്ന മുഖം മനസ്സില്‍ തെളിഞ്ഞാല്‍ കടിഞ്ഞൂല്‍ പ്രവാസി കരയുകയല്ല... ചിലപ്പോള്‍ അടുത്ത വണ്ടിക്കു കയറുക തന്നെ ചെയ്യും...
അപ്പൊ നമ്മള്‍ അവസാനിപ്പിക്കയാണ്... ഇത് വരെ വായിച്ചവര്‍ക്ക് ക്ഷമക്കുള്ള സര്ടിഫികറ്റ് / വായിക്കാതെ പോയവര്‍ക്ക് വിവേകത്തിനുള്ള മെഡല്‍ / വായിക്കാനേ കൂട്ടാക്കാത്തവര്‍ക്ക് ബുദ്ധിശാലി പട്ടവും അഡ്രെസ്സ് തന്നാല്‍ കൊറിയര്‍ ആയി അയക്കുന്നതാണ്..
സ്നേഹപൂര്‍വ്വം രണ്ടര കൊല്ലം മുമ്പൊരു പ്രാരാബ്ദ പെട്ടിയുമായി വന്നു തിരിച്ചു പോക്കും സ്വപ്നം കണ്ടുറങ്ങുന്ന ഒരു ഹൈടെക് പ്രവാസി.. നിങ്ങളുടെ ആരുടേയും സ്വന്തമല്ലാത്ത സക്കീര്‍ ഹുസൈന്‍ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?