14 നവംബർ 2011

അറഫ..

ഓ..
പ്രിയപ്പെട്ട അറഫാ...

ആദി കുലത്തിലെ ആദ്യ തെറ്റിനാല്‍
സ്വര്‍ഗ്ഗരാജ്യം വിട്ടിറങ്ങി ഭൂമിയിലെത്തിയ
ആദം-ഹവ്വ ( അ: ) ദമ്പതിമാരുടെ സംഗമം
കൊണ്ട് അനുഗ്രഹീതമായ മലനിരയേ...

ആദി മനുഷ്യരുടെ പാപ പരിഹാരത്തിനായ്
നാഥന്‍ തിരഞ്ഞെടുത്ത പുണ്യ ഭൂമി നീ...
ആണ്ടിലൊരിക്കല്‍ അലകടല്‍ പോലെ 
തീര്‍ഥാടക ലക്ഷങ്ങള്‍ വന്നു നിറയുന്ന മണ്ണ് നീ...

സൂര്യന്‍ കത്തി നില്‍ക്കുന്ന പകലിന്റെ പാതി തൊട്ടു..
പ്രകാശത്തിന്റെ അവസാന രഷ്മിക്കും മേല്‍
ചെഞ്ചായം പൂശി അസ്തമയ സൂര്യന്‍ അകലും വരെ...
പ്രാര്‍ത്ഥന നിരതരായ ജനലക്ഷങ്ങളില്‍ ഒരാളായി
ഞാനുമുണ്ടായിരുന്നു...
ഇരുട്ടില്‍ നിന്നെ തനിച്ചാക്കി പുലരിക്കും മുന്‍പേ
നിന്നെ വിട്ടകന്നവരുടെ കൂട്ടത്തിലും ഞാനുണ്ടായിരുന്നു...

പ്രഭാതത്തില്‍ ഉദയ സൂര്യന്‍ തട്ടിയുണര്‍ത്തുമ്പോള്‍
നിന്റെ മാറിടം വിജനമായിരിക്കും...
എല്ലാം ഒരു സ്വപ്നമെന്ന് കരുതി നീ ആശ്വസിക്കുമോ..
അതോ ; അടുത്ത സംഗമത്തിനായി കാത്തിരിക്കുമോ..?

ഇനിയും ഒരിക്കല്‍ കൂടി ആ സംഗമത്തില്‍ പങ്കുകാരനാവാന്‍ ...
നിന്നില്‍ അലിഞ്ഞു പ്രാര്‍ത്ഥനകളിലൂടെ പാപമുക്തനാവുവാന്‍ ...
അത് വഴി പാപമുക്തനാം നവജാത ശിശുവാകുവാന്‍ ...
വീണ്ടും ഉള്ളില്‍ ആഗ്രഹം പെരുമ്പറ കൊട്ടി തുടങ്ങി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?