മക്കളെ...
അക്ഷരത്തെറ്റുകള്‍ ഉണ്ടാകാം... നിക്ക് എഴുതാനും വായിക്കാനും
അറിയില്ലെന്ന് നിങ്ങള്‍ക്ക് അറിയാല്ലോ...
നിങ്ങളുടെ ജീവിതം കണ്ട ഏറ്റവും വലിയ അക്ഷരതെറ്റാണ്
ഞാനെന്ന സത്യം നിങ്ങളെക്കാള്‍ നന്നായി ഞാന്‍ മനസ്സിലാക്കുന്നു...
നിങ്ങളെ ജനിപ്പിച്ചത് എന്റെ മാത്രം തെറ്റാണ്...
ഒന്നും മനപ്പൂര്‍വമായിരുന്നില്ല. .. സംഭവിച്ചു പോയി..
ക്ഷമിക്കുക... നിങ്ങളുടെ രക്തത്തിനുടമയെന്ന നിലക്കെങ്കിലും...
ഞാന്‍ ഒരു യാത്ര പോകുന്നു..
ആര്‍ക്കും വേണ്ടാത്ത ഈ ശരീരം ഇവിടെ ഉപേക്ഷിച്ചു...!!
അറിയാം...
ചെയ്യുന്നത് പാപമാണ് എന്ന്...
ചെയ്യുന്നത് പാപമാണ് എന്ന്...
എന്റെ മുന്നില്‍ മറ്റു വഴികളില്ല... ഇതല്ലാതെ...
ജീവനുള്ള എന്റെ ശരീരം കൊണ്ട് നിങ്ങള്‍ക്ക് നേട്ടമില്ല...
ചലനമറ്റാല്‍ പഠിക്കുന്ന പിള്ളാര്‍ക്ക് കൊടുത്താലെങ്കിലും
ഒരു നേരത്തെ അന്നത്തിനുള്ള പണം ഈ ശരീരം നല്‍കും...
അല്ലെങ്കില്‍ മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടി അനുയായികള്‍ക്ക്
നിങ്ങളുടെ ഒട്ടിയ വയറു കണ്ടാണ് കിടപ്പാടം വെച്ച്
ഞാന്‍ വായ്പയെടുത്തത്... കടം വാങ്ങിയും പട്ടിണി കിടന്നുമാണ് അതിന്റെ മുതലടച്ചത്...
പക്ഷെ... മുതലിനേക്കാള്‍ വലിയ പലിശയായി അത് വളര്‍ന്നു...
നിങ്ങളെപ്പോലെ തന്നെ "മുതലെ"ന്ന അന്നം കിട്ടാതെ...
പറയാവുന്ന അവധികളെല്ലാം ഞാന്‍ പറഞ്ഞു...
വീഴാവുന്ന കാലുകളിലെല്ലാം വീണു ഞാന്‍ കേണു..
ഇല്ല മക്കളെ...
കനവുള്ള കണ്ണുള്ള ഒരു മനുഷ്യനെയും ഞാന്‍ കണ്ടില്ല...
കരുണയുള്ള ഒരു നോട്ടമെങ്കിലും തന്നതോ തെരുവിലലയുന്ന ചാവാലി പട്ടിയും...
എന്റെ മരണം...
അത് കൊണ്ടെന്റെ വായ്പ എഴുതി തള്ളുമെന്ന് ആരോ
കവലയില്‍ പറയണ കേട്ടു... അധികാര വര്‍ഗ്ഗത്തിലാരോ
പറഞ്ഞതാത്രേ... വിശ്വാസമില്ലവരെയെനിക്ക്...
ഒരിക്കലും വാക്ക് പാലിക്കാത്ത വര്‍ഗ്ഗം..!
ന്നാലുമിപ്പോ നിക്ക് വിശ്വസിക്കാതെ തരമില്ല...
രണ്ടാതോന്നു ആലോചിക്കാനെനിക്കു സമയോമില്ല ...
ഓന്തിന്റെ കൂടെപിറപ്പവര്‍ ആ കൊണം കാണിക്കും മുന്‍പേ...
ഞാന്‍ യാത്രയാവുന്നു... ഇതെന്റെ മാത്രം വിധി...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?